ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

കൊച്ചു കൊച്ചു മലകളും, തോടുകളും, കാവുകളും, നീരുറവകളും കൊണ്ട് സമ്പന്നമായ ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍:- വടക്ക്-കല്ലടയാറ്, പടിഞ്ഞാറ്-കല്ലടയാറ്, ഈസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത്, തെക്ക്-എഴുകോണ്‍-കുണ്ടറ ഗ്രാമ പഞ്ചായത്തുകള്‍ , കിഴക്ക് -കുളക്കട, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കുളത്തൂപ്പുഴ, ചെന്തുരുണി എന്നീ സ്ഥലങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്ന കല്ലടയാര്‍ കുന്നത്തൂര്‍ പഞ്ചായത്തിനെയും, പവിത്രേശ്വരം പഞ്ചായത്തിനെയും വേര്‍തിരിച്ചുകൊണ്ട് വടക്ക് പടിഞ്ഞാറ് വശം തൊട്ടുരുമ്മി ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ വിഭജിച്ചിരിക്കുന്ന മൂന്നു മേഖലകളിലൊന്നായ ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉള്‍ക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും വലിയകുന്ന് 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്ളാക്കാട് കുന്നാണ്. പൊതുവെ മൂന്ന് തരം മണ്ണുകളാണ് ഈ പഞ്ചായത്തില്‍ കാണപ്പെടുന്നത്. കുന്നിന്‍മുകളിലും ചരിവുകളിലും ചെങ്കല്‍മണ്ണും താഴ്വരകളില്‍ പശിമരാശി എക്കല്‍ മണ്ണുമാണ് പരക്കെ കാണപ്പെടുന്നത്. കല്ലടയാറിനോട് ചേര്‍ന്ന് കിടക്കുന്ന നദീതടങ്ങളില്‍ മണല്‍കലര്‍ന്ന പശിമരാശി മണ്ണാണുള്ളത്. മാറനാട്, കൈതക്കോട് എന്നീ വാര്‍ഡുകളില്‍ സുലഭമായും താഴം, കാരിക്കല്‍, എസ് എന്‍ പുരം, പവിത്രേശ്വരം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും പാറ കാണപ്പെടുന്നു. വിസ്തൃതിയില്‍ ഏറ്റവും കുറവുളള ഈ പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഉയരം കൂടിയ സ്ഥലങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ ചരിവുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. റബര്‍ കൃഷിയാണ് ഈ പ്രദേശങ്ങളില്‍ മുഖ്യമായി നിലവിലുളളതെങ്കിലും തെങ്ങും മറ്റും ചേര്‍ന്ന മിശ്രകൃഷിയാണ് പരക്കെ കാണപ്പെടുന്നത്. ഈ മേഖലയില്‍പ്പെടുന്ന പ്രദേശങ്ങള്‍ മാറനാട്, നെല്ലിയാര്‍ മുകള്‍, കല്ലുവിളഭാഗം, പകുതിപ്പാറ, കൈതക്കോട് എന്നിവയാണ്. മൊത്തം വിസ്തൃതിയില്‍ 53% ത്തോളം മിതമായ ചരിവുകളാണ്. ഇവ പൊതുവേ താഴ്വരകളോട് ചേര്‍ന്നു കിടക്കുന്നതും ചരിവു കുറഞ്ഞതുമായ പ്രദേശങ്ങളാണ്. എന്നാല്‍ സമതലത്തോടും കുന്നിന്‍ മുകളിനോടും ചേര്‍ന്നു കിടക്കുന്ന വലിയ ചരിവുകള്‍ വിസ്തൃതിയില്‍ കുറവാണെങ്കിലും (3%) മണ്ണൊലിപ്പിന് സാദ്ധ്യത ഏറിയവയാണ്, ഇവിടെ മിക്കവാറും മിശ്രിത കൃഷിയും റബര്‍ കൃഷിയുമാണ് കണ്ടുവരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളില്‍ സമീപത്തുളള കുന്നില്‍ നിന്നും ചരിവുകളില്‍ നിന്നും മണ്ണും ജലവും ഒലിച്ചിറങ്ങുന്നു. ഇങ്ങനെ ഒലിച്ചിറങ്ങുന്ന മണ്ണ് ശേഖരിക്കപ്പെടുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ കാണപ്പെടുന്നത് ‘അലുവിയം’ അഥവാ പശിമരാശി എക്കല്‍മണ്ണാണ്. മഴവെളളത്തിലൂടെ ഒഴുകിവരുന്ന എക്കല്‍മണ്ണ് അടിയുന്നതിനാല്‍ ഈ ഭൂവിഭാഗങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണ്. കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളില്‍ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 91/2 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകള്‍ വല്ലഭന്‍കരതോട്, പുത്തന്‍വീട്ടില്‍ വെട്ടിമൂട്ടില്‍ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തില്‍ ഏകദേശം 17.5. കി. മീ നീളത്തില്‍ ഈ പഞ്ചായത്തിലൂടെ തോടുകള്‍ കടന്നുപോകുന്നു. ഏതാനും കുളങ്ങളാണ് പഞ്ചായത്തിലെ മറ്റൊരു ജലസ്രോതസ്. പഞ്ചായത്തിലെ വടക്കേ അറ്റമായ ഒന്നാം വാര്‍ഡിലെ ജലവണ്ണാംകുഴിയില്‍ ഒരു വറ്റാത്ത നീരുറവ ഉണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ മൂലം വൈവിദ്ധ്യമാര്‍ന്ന വിളകളാണ് പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുടനീളം കാണുന്നത്. ഫലഭൂയിഷ്ഠമായ പുഴയോരവും, സമതലങ്ങളും, താരതമ്യേന വളക്കൂറുമുളള കുന്നിന്‍പുറങ്ങളും, ചരിവു പ്രദേശങ്ങളും നിലനില്‍ക്കുന്നു. പഞ്ചായത്തില്‍ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങള്‍ കൈതക്കോട് വാര്‍ഡിലെ വെളളാവിള, കിഴക്കേ മാറാനാട് എന്നിവയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രധാനമായും കശുമാവ്, റബ്ബര്‍, കുരുമുളക് ഇവ ധാരാളമായി കൃഷി ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ തെങ്ങ്, നെല്ല്, പയര്‍വര്‍ഗങ്ങള്‍, വാഴ, മരച്ചീനി, മറ്റ് കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കര്‍ഷകരാണ്