ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹിക-സാംസ്കാരിക ചരിത്രം
പവിത്രേശ്വരം എന്ന പേരിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ വാദമുഖങ്ങള്‍ നിലനില്‍ക്കുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നത് കുരുക്ഷേത്രയുദ്ധത്തിനുശേഷം പാര്‍ത്ഥന്‍ (അര്‍ജുനന്‍) കിരീടം ഊരിവച്ച സ്ഥലമായതുകൊണ്ട് പാര്‍ത്ഥേശ്വരം എന്ന പേരില്‍ അറിയപ്പെട്ടിരുന്നെന്നും, പിന്നീടത് പവിത്രേശ്വരമായി മാറുകയാണുണ്ടായതെന്നുമാണ് പ്രബലമായ ഒരു ഐതിഹ്യം. കുരുക്ഷേത്രയുദ്ധത്തിന് വഴി തെളിച്ച അധികാരതര്‍ക്കത്തില്‍ കൌരവരും പാണ്ഡവരും പകുത്തുപിരിഞ്ഞ പ്രദേശമായതിനാലാണ് പവിത്രേശ്വരം എന്ന് പേര് കിട്ടിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. ഇത്തരം ഐതിഹ്യങ്ങള്‍ക്ക് ഉപോല്‍ബലകമായി പവിത്രമായ പാങ്ങോട് ചിറയും, കക്കാട്ടുകുന്നും, അതോടൊപ്പം പഞ്ചായത്തിന്റെ സമീപപ്രദേശങ്ങളായ ആറ്റുവാശ്ശേരി എന്ന നൂറ്റുവാശ്ശേരിയും, ഐവര്‍കാല എന്ന അഞ്ച് പേരുടെ നാടും, കീചകപ്പളളിയും, ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനടയും, ദുഃശ്ശാസനക്ഷേത്രമായ എണ്ണശ്ശേരി മലനടയും പഞ്ചായത്തിലെ തന്നെ ശകുനിക്ഷേത്രമായ മായങ്കോട്ട് മലനടയും ഈ ഐതിഹ്യങ്ങള്‍ക്ക് ദൃഷ്ടാന്തമായി വര്‍ത്തിക്കുന്നു. ബുദ്ധമതത്തിനും നിര്‍ണ്ണായകമായ സ്വധീനമുളള ഒരു പ്രദേശമായിരുന്നു ഇത്. കുന്നത്തൂര്‍ താലൂക്കിന്റെ കിഴക്കന്‍മേഖലകളും, കൊട്ടാരക്കര താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലകളും, ബുദ്ധമതത്തിന് അങ്ങേയറ്റം സ്വാധീനമുളള പ്രദേശങ്ങളായിരുന്നു എന്ന് പല ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ ഒരു ബുദ്ധപ്രതിമ തന്നെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട് മാര്‍ത്താണ്ഡവര്‍മ്മയുടെ പലായനത്തെ കുറിച്ച് ചില സൂചനകള്‍ നിലവിലുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് എട്ടുവീട്ടില്‍പിളളമാരേയും തമ്പിമാരേയും ഭയന്ന് ഓടിയിരുന്ന കാലത്ത് ഒരിക്കല്‍ കുഴിക്കല്‍ മാടമ്പിമാരുടെ കൊട്ടാരത്തില്‍ അഭയം തേടി. അവര്‍ രാജാവിന് അഭയം നല്‍കി സംരക്ഷിച്ചു. ഒടുവില്‍ അദ്ദേഹത്തെ കുന്നത്തൂര്‍ കടവിലൂടെ കല്ലടയാറിന് പടിഞ്ഞാറെ കരയിലാക്കുകയും നദിക്ക് കുറുകെ ഉണ്ടായിരുന്ന കല്ലുപാലം തളളിക്കളയുകയും ചെയ്തുവത്രെ. തമ്പിമാരെയും പിളളമാരെയും തോല്‍പ്പിച്ച മാര്‍ത്താണ്ഡവര്‍മ്മ നാട്ടുരാജ്യങ്ങളെ ഓരോന്നായി പടവെട്ടിപ്പിടിച്ച് തിരുവിതാംകൂറിന്റെ അധിപനായി. തന്നെ സംരക്ഷിച്ച കുഴിക്കല്‍ മാടമ്പിമാരെ താമസിയാതെ അദ്ദേഹം കൊട്ടാരത്തില്‍ വിളിപ്പിച്ച് കാരിക്കല്‍താഴം, കരിമ്പിന്‍പുഴ, തെക്കുംചേരി, ചെറുമങ്ങാട്, ചെറുപൊയ്ക എന്നീ ആറുകരകള്‍ ഉള്‍കൊളളുന്ന സ്ഥലം കുഴിക്കലിടവക എന്ന പേരില്‍ കരമൊഴിവായി നല്‍കി. പിന്നീടുളള കാലങ്ങളില്‍ ഭൂമിയുടെ നല്ലൊരു ഭാഗവും ഈ കുടുംബങ്ങളില്‍ എത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കുമുന്‍പ് ഇവിടെ ജന്മികുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്നു. ഇവിടുത്തെ ഭൂരിപക്ഷം ഈഴവ വീടുകളിലും നെയ്ത്ത് ഉണ്ടായിരുന്നു. ഈ പ്രദേശത്ത് ഏതാണ്ട് 1500 ഓളം തറികള്‍ പ്രവര്‍ത്തിച്ചിരുന്നു. നെയ്ത്ത്, നൂല്‍വ്യാപാരം, കൊപ്രാകച്ചവടം, കൃഷി, വൈദ്യം ഇവയൊക്കെയായിരുന്നു പ്രധാന തൊഴിലുകള്‍. തെങ്ങ്, കമുക്, കുരുമുളക്, മരച്ചീനി, വാഴ, ചേന, ഇഞ്ചി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വെറ്റില, കൂവരക്, പയറ് വര്‍ഗ്ഗങ്ങള്‍, നെല്ല് ഇവ പ്രധാന കൃഷികളുടെ പട്ടികയില്‍പ്പെടുന്നു. കൃഷിഭൂമിയില്‍ പട്ടയങ്ങളും പാട്ടങ്ങളും നിലനിന്നിരുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ പവിത്രേശ്വരം പഞ്ചായത്തിലും ഉണ്ടായിരുന്നു. പരേതനായ എന്‍. കേശവന്‍ വൈദ്യര്‍, നാണു, ഒട്ടവിള ദാമോദരന്‍ തുടങ്ങിയവര്‍ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണം തുടങ്ങിയ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കര്‍ ജനിച്ചത് 1909 ല്‍ പവിത്രേശ്വരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ താഴം-കരിമ്പിന്‍പുഴ വാര്‍ഡില്‍ വിളയില്‍ വീട്ടിലായിരുന്നു. 1942-43 കാലയളവില്‍ പ്രദേശത്ത് ഗ്രാമോദ്ധാരണ സമിതി രൂപം കൊണ്ടിരുന്നു. ഇതിന്റെ കേന്ദ്രം പാങ്ങോടായിരുന്നു. ഈ സമിതിയുടെ പരിണാമ ഘട്ടത്തിലാണ് പഞ്ചായത്ത് സമിതിയുടെ രൂപീകരണം എന്നു പറയാം. പവിത്രേശ്വരം പഞ്ചായത്തിന്റെ ആസ്ഥാനം പാങ്ങോട്ടാകാന്‍ ഇതൊരു കാരണമായി. ഈ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ പ്രദേശത്തെ കലാ-സാംസ്ക്കാരിക-വിദ്യാഭ്യാസ മേഖലകള്‍ക്ക് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ അധികം പുരോഗതി ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യ എല്‍. പി. സ്കൂള്‍ 1917ല്‍ മാറനാട് വാര്‍ഡില്‍ പെണ്‍ പളളിക്കൂടമായി. 1925 ല്‍ സംസ്കൃത അപ്പര്‍ പ്രൈമറി സ്കൂളും 1948 ല്‍ പാങ്ങോട് ഹൈസ്കൂളും സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്ത് വളരെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഒരു പ്രദേശമായിരുന്നു പവിത്രേശ്വരം. 1906 ല്‍ പഞ്ചായത്തിലെ ചെറുപൊയ്ക വാര്‍ഡില്‍ നിന്നും എം. ഒ. നീലകണ്ഠഭട്ടതിരിയുടെ നിയന്ത്രണത്തില്‍ ‘സാഹിത്യ കൌമുദി’ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലാദ്യമായി കൂത്തമ്പലത്തിന് പുറത്ത് വച്ച് കൂത്ത് നടന്നത് ചെറുപൊയ്ക മഠത്തില്‍ വച്ചായിരുന്നു. 1949 ല്‍ ആയിരുന്നു ഈ സംഭവം.